സീറോ മലബാർ, സീറോ മലങ്കര, ലാറ്റിൻ റീത്ത് എന്നിങ്ങനെ മൂന്ന് റീത്തുകളിൽ വ്യാപിച്ചുകിടക്കുന്ന യുവജനങ്ങൾക്കായുള്ള കെസിബിസി കമ്മീഷന്റെ കീഴിലുള്ള ഔദ്യോഗിക യുവജന സംഘടനയാണ് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് – കെസിവൈഎം. കേരളത്തിലെ യുവജനങ്ങളുടെ ഉന്നമനവും ശേഷി വർധിപ്പിക്കലും ലക്ഷ്യമിട്ടാണ് ഈ സംഘടന രൂപീകരിച്ചത്.
കത്തോലിക്കാ മൂല്യങ്ങളും തത്വങ്ങളും അനുസരിക്കുന്ന 15-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ഇതിൽ അംഗമായിട്ടുള്ളത് . എന്നാൽ ഇതിന്റെ ഗുണഭോക്താക്കളായി വിവിധ മതസ്ഥരായ യുവാക്കളും ഉണ്ടായിരിക്കും.
യുവാക്കൾ അവരുടെ വികസനത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗത്തിലൂടെ സഞ്ചരിക്കുകയും ക്രിസ്തുവിനൊപ്പമുള്ള അവരുടെ നടപ്പിൽ വളരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർക്ക് മാർഗനിർദേശവും പിന്തുണയും ആവശ്യമാണ്. സഭയിലെ യുവാക്കളെ സേവിക്കുന്നതിനും അവരുടെ പൂർണ്ണമായ കഴിവിൽ എത്തിച്ചേരാൻ അവരെ സഹായിക്കുന്നതിനും ക്രിസ്തുവിനെപ്പോലെയുള്ള നേതാക്കൾ ആവശ്യമാണ്. അങ്ങനെയുള്ള നേതാക്കളെ സംഭാവന ചെയ്യാൻ കെ സി വൈ എം എന്ന സംഘടനക്ക് സാധിക്കും.
കത്തോലിക്ക സഭ വളരുന്നതിന് സുവിശേഷത്തിന്റെ സത്യം തലമുറകളിലേക്ക് കൈമാറ്റം ചെയ്യേണ്ടത് പ്രധാനമാണ്. ആത്യന്തികമായി, യുവാക്കളെ അവരുടെ രൂപീകരണ വർഷങ്ങളിൽ ആത്മീയമായി വളരാൻ ഈ സംഘടന സഹായിക്കുന്നുണ്ട്. അതോടൊപ്പം ഇന്നും വരും കാലങ്ങളിലും ക്രിസ്തുവിനുവേണ്ടി സ്വാധീനം ചെലുത്താൻ അവരെ സജ്ജരാക്കും.